ഓഹരി സൂചിക സര്‍വകാല റെക്കോഡ് നിലവാരത്തിലേക്ക് കുതിച്ച ആവേശത്തിലാണ് നിക്ഷേപകര്‍. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളെയും പ്രാദേശിക നിഷേപകരെയും അമ്പരപ്പിച്ചുകൊണ്ട് കനത്ത വാങ്ങലുകള്‍ക്ക് വിദേശ ഓപ്പറേറ്റര്‍മാര്‍ രംഗത്തിറങ്ങിയത് പുതിയ ഉയരങ്ങളിലേക്ക് സൂചികയെ നയിച്ചു. ബോംബെ സെന്‍സെക്സ് 1739 പോയിന്റും നിഫ്റ്റി 523 പോയിന്റും പ്രതിവാര മികവിലാണ്. ബക്രീദ് പ്രമാണിച്ച് വ്യാഴാഴ്ച മാര്‍ക്കറ്റ് അവധിയായിരുന്നു.
എച്ച്ഡിഎഫ്സി ഇരട്ടകള്‍ ഒന്നിച്ചതാണ് കുതിച്ചുചാട്ടത്തിന് വേഗത പകര്‍ന്നത്. സാമ്പത്തിക മേഖലയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകള്‍ വിദേശ ഫണ്ടുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചു. ഹെവി വെയ്റ്റ് ഓഹരികളായ ഇന്‍ഫോസിസ്, ആര്‍ഐഎല്‍, ടിസിഎസ് എന്നിവയിലെ ശക്തമായ വാങ്ങല്‍ താത്പര്യം വാരാന്ത്യം മുന്‍നിര സൂചികകളെ എക്കാലത്തെയും മികച്ച ക്ലോസിങ്ങിലേക്ക് നയിച്ചു.
വിദേശ ഫണ്ടുകളില്‍ നിന്നുള്ള പണപ്രവാഹവും ആഗോള വിപണികളിലെ അനുകൂല തരംഗവും വിപണി നേട്ടമാക്കി. ബിഎസ്ഇ 2.76 ശതമാനവും, എന്‍എസ്ഇ സൂചിക 2.80 ശതമാനവും കഴിഞ്ഞവാരം ഉയര്‍ന്നു. ആഭ്യന്തര വിപണിയുടെ ദീര്‍ഘകാല സാധ്യതകളെകുറിച്ച് അനുകൂല നിലപാടിലാണ് ഫണ്ടുകള്‍. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ മുന്നേറ്റവും മാര്‍ക്കറ്റിന് അനുകൂലമായി. അമെരിക്കന്‍ മാന്ദ്യം കുറയുന്ന സൂചനകള്‍ കുതിപ്പിന് അവസരമൊരുക്കുമെന്ന നിഗമനത്തിലാണ് ഓപ്പറേറ്റര്‍മാര്‍. യുഎസ് വാണിജ്യ വിഭാഗത്തിന്റ വിലയിരുത്തലില്‍ ആദ്യപാദത്തില്‍ അവരുടെ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ച കൈവരിച്ചതായാണ് വിലയിരുത്തല്‍.
ഐടി സൂചിക രണ്ട് ശതമാനം ഉയര്‍ന്നു. ഓട്ടൊമൊബൈല്‍, ക്യാപിറ്റല്‍ ഗുഡ്സ് സൂചികകളും മികവിലാണ്. ബിഎസ്ഇയില്‍ ആറ് ശതമാനം പ്രതിവാര മികവില്‍ ടാറ്റാ മോട്ടേഴ്സ്, സണ്‍ ഫാര്‍മ ഓഹരികള്‍ തിളങ്ങിയപ്പോള്‍ അഞ്ച് ശതമാനം നേട്ടം കൈവരിച്ച് എംആൻഡ്എം, ഇന്‍ഫോസിസ് ഓഹരികളും കരുത്ത് കാണിച്ചു. ഇന്‍ഡസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ആൻഡ്ടി, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയര്‍ടെല്‍, വിപ്രോ, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീല്‍, ഐടിസി, ആര്‍ഐഎല്‍, എച്ച്യുഎല് ഓഹരികളും പിന്നിട്ടവാരം മുന്നേറി.
സെന്‍സെക്സ് മുന്‍വാരത്തിലെ 62,979ല്‍ നിന്നും തുടക്കത്തില്‍ 62,860ലേക്ക് തളര്‍ന്നെങ്കിലും പിന്നീട് അലയടിച്ച ബുള്‍ തരംഗത്തില്‍ സൂചിക റെക്കോഡായ 64,768 പോയിന്റ് വരെ ഉയര്‍ന്നു. വാരാന്ത്യം സെന്‍സെക്സ് 64,718ലാണ്. ഈ വാരം 65,370ല്‍ ആദ്യ പ്രതിരോധം ഉടലെടുക്കാം. വിപണി സാങ്കേതിക തിരുത്തലിന് ശ്രമിച്ചാല്‍ 63,460-63,200 റേഞ്ചില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
നിഫ്റ്റി സൂചിക 18,665 പോയിന്റില്‍ നിന്നും കാര്യമായ തിരുത്തലിന് അവസരം ലഭിച്ചില്ല. ഇതിനിടയില്‍ പുതിയ ബയ്യിങ്ങിന് ഫണ്ടുകള്‍ മത്സരിച്ചതോടെ സൂചിക 18,887ലെ റെക്കോഡ് തകര്‍ത്ത് ചരിത്രത്തിലാദ്യമായി 19,000 പോയിന്റിലെ പ്രതിരോധം മറികടന്ന് നിഫ്റ്റി 19,201വരെ കയറി. ജൂലൈ ആദ്യവാരം 19,375-19,560ല്‍ പ്രതിരോധവും 18,800-18,450 റേഞ്ചില്‍ താങ്ങുമുണ്ട്.
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം 82.04ലാണ്. വിദേശ ഫണ്ടുകള്‍ പിന്നിട്ടവാരം തുടക്കത്തില്‍ 409 കോടി രൂപയുടെ വില്‍പ്പന നടത്തിയെങ്കിലും തുടര്‍ന്നുള്ള മൂന്ന് പ്രവര്‍ത്തി ദിനങ്ങളിലായി അവര്‍ 20,771 കോടി രൂപയുടെ ഓഹരികള്‍ വാരിക്കൂട്ടി. ആഭ്യന്തര ഫണ്ടുകള്‍ 1448 കോടി രൂപയുടെ വില്‍പ്പനയും 3012 കോടി രൂപയുടെ നിക്ഷേപവും നടത്തി.
ഏഷ്യയില്‍ ചൈന, കൊറിയന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ ജപ്പാന് ഹോങ്കോങ് ഇന്‍ഡക്സുകള്‍ക്ക് തളര്‍ച്ച നേരിട്ടു. യൂറോപ്യന്‍ മാര്‍ക്കറ്റുകളും കരുത്ത് കാണിച്ചു. അമെരിക്കയില്‍ നാസ്ഡാക്സ്, ഡൗജോണ്‍സ്, എസ് ആൻഡ് പി ഇന്‍ഡക്സുകളും ശക്തമായ നിലയിലാണ്. ആഗോള വിപണിയിലെ ഉന്മേഷം കണക്കിലെടുത്താല്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ ഈ വാരം പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിക്കാനുള്ള സാധ്യതകള്‍ക്ക് ശക്തിയേറും.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 74.80 ഡോളറിലെത്തി. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1919 ഡോളറില്‍ ക്ലോസിങ് നടന്നു.