കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളെയെല്ലാം അവഗണിച്ച് ഇന്ത്യന്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യന്‍ കമ്പനികളുടെ ലാഭത്തിലുണ്ടായ കുതിപ്പും സുസ്ഥിര രാഷ്ട്രീയ സാഹചര്യവും മികച്ച വളര്‍ച്ചാ സാധ്യതകളും കണക്കിലെടുത്ത് വിദേശ, സ്വദേശ നിക്ഷേപ സ്ഥാപനങ്ങളും വ്യക്തിഗത നിക്ഷേപകരും വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിക്ക് കരുത്തു പകരുന്നത്.
കൊവിഡ് രോഗവ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണുകള്‍ക്കും ശേഷം അടിതെറ്റിയ രാജ്യത്തെ ഓഹരി വിപണി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചരിത്ര മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 90 ശതമാനം കമ്പനികളുടെയും ഓഹരി വില റെക്കോഡ് ഉയരത്തിലെത്തി. കഴിഞ്ഞവര്‍ഷം വിപണി കനത്ത ചാഞ്ചാട്ടത്തിലൂടെയാണ് നീങ്ങിയതെങ്കിലും ജനുവരി മാസത്തിനു ശേഷം വിദേശ ഫണ്ടുകളില്‍ നിന്നുള്ള പണമൊഴുക്ക് ശക്തമായതോടെ ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും റെക്കോഡ് ഉയരത്തിന് അടുത്തെത്തി.
ഇന്നലെ ബോംബെ ഓഹരി സൂചിക 418 പോയിന്റ് ഉയര്‍ന്ന് 63,143ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചിക 115 പോയിന്റ് നേട്ടവുമായി 18,716ല്‍ അവസാനിച്ചു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി സൂചിക റെക്കോഡ് ഉയരത്തിലാണ് ഇന്നലെ അവസാനിച്ചത്. ഇന്ത്യയിലെ ഓഹരി നിക്ഷേപകരുടെ വിപണി മൂല്യത്തില്‍ ഇന്നലെ മാത്രം രണ്ട് ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 25 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതിനൊപ്പം സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വുമാണ് ഇന്നലെ നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നത്.
അമെരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ വർധന നടപടികള്‍ മരവിപ്പിച്ചേക്കുമെന്ന പ്രതീക്ഷകളും വിപണിയിലേക്കുള്ള പണമൊഴുക്കിന് ആക്കം കൂട്ടി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ ഡോളറിന് എതിരേ രൂപയുടെ മൂല്യം ആറ് പൈസ വർധിച്ച് 82.38ലെത്തി.