കേപ്ടൗൺ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക വെറും 55 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റുകൾ പിഴുത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 23.2 ഓവർ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് നീണ്ടത്. ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താൻ ആതിഥേയർക്ക് സാധിച്ചില്ല.
രണ്ട് പേർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിൽ രണ്ടക്കം കടന്നത്. ഡേവിഡ് ബെഡിംഗാം 12 റൺസും കെയ്ൽ വെറൈൻ 15 റൺസുമെടുത്തു. 9 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്താണ് മുഹമ്മദ് സിറാജ് ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ജസ്പ്രീത് ബുമ്ര, മുകേഷ് കുമാർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ്. തുടക്കത്തിലെ ജയ്‌സ്വാളിനെ നഷ്ടപ്പെട്ടെങ്കിലും രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ്. ശർമ 39 റൺസും ഗിൽ 18 റൺസുമായി ക്രീസിലുണ്ട്. ഇന്ത്യക്ക് നിലവിൽ 16 റൺസിന്റെ ലീഡുണ്ട്.