സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടിയുമായി പൊലീസ്. ഡീപ് ഫേക്ക് തട്ടിപ്പില്‍ സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുബൈ പൊലീസ് സൈബര്‍ സെല്ലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെയാണ് കേസ്. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്. ഗെയിമിംഗ് കമ്പനി നിർമിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാരും അറിയിച്ചിരുന്നു.
ഓൺലൈൻ ഗെയിംമിങ് കമ്പനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്‍റെതന്ന പേരിൽ വീഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിന്‍റേതിന് സമാനമായിരുന്നു. മകളായ സാറ തെന്‍ഡുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സച്ചിൻ പ്രതികരണവുമായെത്തിയത്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിക്കുകയായിരുന്നു.സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിൽ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാൻ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നാലെ വിഷയത്തിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഇടപെട്ടിരുന്നു. ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.സാമൂഹിക മാധ്യമങ്ങൾ ഐടി നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി എക്സിൽ മറുപടി നൽകി. നേരത്തെ രശ്മിക മന്ദാന, ദീപിക പദുക്കോൺ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും ഡീപ് ഫേക്ക് വീഡിയോകൾ പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ വീഡിയോ പ്രചരിപ്പിച്ചവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല.