കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ യുവാക്കളെ രാഹുൽ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി വിമർശിച്ചു. യുവാക്കളോടുള്ള കോൺഗ്രസ് മനോഭാവമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്നും അദ്ദേഹം വിമർശിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മദ്യപിച്ച് ലക്കുകെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്. രാമക്ഷേത്രത്തെ രാഹുൽ ഗാന്ധി നിരന്തരം അപമാനിക്കുന്നുവെന്നും രാമക്ഷേത്രത്തിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. അംബാനിമാരും, അദാനിമാരുമാണ് രാമക്ഷേത്രത്തിൽ പോകുന്നതെന്നും, ദളിത് ,പിന്നാക്ക വിഭാഗങ്ങൾ അവിടേക്ക് പോകുന്നില്ലെന്നുമുള്ള രാഹുലിൻ്റെ വിമർശനത്തിനാണ് ഈ നിലയിൽ പ്രധാനമന്ത്രിയുടെ മറുപടി.