സെഞ്ചൂറിയനിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 245 റൺസിന് പുറത്തായി. കെ എൽ രാഹുലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാദ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
8 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. നിർണായകമായ 37 റൺസ് കൂടി കൂട്ടിച്ചേർക്കാൻ ഇന്ത്യക്ക് സാധിച്ചു. 133 പന്തിലാണ് രാഹുൽ സെഞ്ച്വറി സ്വന്തമാക്കിയത്. 89 നിൽക്കെ രണ്ട് സിക്‌സറുകളിൽ കൂടിയാണ് രാഹുൽ സെഞ്ച്വറിയിലേക്ക് എത്തിയത്.
137 പന്തിൽ നാല് സിക്‌സും 14 ഫോറും സഹിതം 101 റൺസ് എടുത്ത രാഹുൽ തന്നെയാണ് പത്താമനായി പുറത്തായത്. മുഹമ്മദ് സിറാജ് 5 റൺസിന് വീണു. ഇന്നലെ 38 റൺസെടുത്ത വിരാട് കോഹ്ലി, 31 റൺസുമായി ശ്രേയസ് അയ്യർ, 17 റൺസെടുത്ത ജയ്‌സ്വാൾ, 24 റൺസെടുത്ത ഷാർദൂൽ താക്കൂർ തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റബാദ അഞ്ച് വിക്കറ്റെടുത്തപ്പോൾ നന്ദ്രെ ബർഗർ മൂന്നും മാർകോ ജാൻസൺ, ജെറാൾഡ് കോട്‌സെ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.