പത്തനാപുരം കമുകും ചേരി സ്വദേശി അഞ്ജുവിനും മകൻ അർജുനും താങ്ങായി എത്തിയത് ഗണേഷ് കുമാർ ആയിരുന്നു. വീട് വച്ച് നൽകുമെന്ന് ഗണേഷ് കുമാർ അർജുന് വാക്ക് നൽകിയിരുന്നു. ആ വാക്കാണ് ഗണേഷ് കുമാർ ഇന്ന് പാലിച്ചിരിക്കുന്നത്. വീടിൻ്റെ പാലുകാച്ചൽ ചടങ്ങായിരുന്നു ഇന്ന്. കഴിഞ്ഞ മാർച്ചിൽ ഗണേഷ് കുമാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചിരുന്നു.
പത്തനാപുരത്ത് നവധാരയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗണേഷ് കുമാർ വന്നപ്പോൾ ജില്ലാ പഞ്ചായത്തംഗമായ സുനിത രാജേഷ് ഗണേഷ് കുമാറിനോട് അർജുൻ്റെ സ്വപ്നം പറയുകയുണ്ടായി. പഠിക്കാൻ മിടുക്കനായ കുട്ടിയാണെന്നും, പക്ഷേഅമ്മ മാത്രമേയുള്ളൂവെന്നും, സ്വന്തമായി ഒരു വീടില്ലെന്നും പറഞ്ഞത് പ്രകാരം ഗണേഷ് കുമാർ അർജുനെയും അമ്മയെയും കാണുകയായിരുന്നു. കണ്ട ശേഷം എത്ര വരെ വേണമെങ്കിലും പഠിച്ചോളൂവെന്നും, താങ്ങായി ഞാനുണ്ടാവുമെന്നും, എൻ്റെ നാലാമത്തെ മകനെപ്പോലെ കണ്ടു കൊള്ളാമെന്നും, വീട് വച്ച് നൽകുമെന്നും പറഞ്ഞിരുന്നു. ഗണേഷ് കുമാർ തൻ്റെ വാക്ക് പാലിച്ച് ഇന്ന് താക്കോൽ ദാന ചടങ്ങ് നടത്തി. പിന്നീട് അർജുൻ നിലവിളക്കുമായി അകത്തേക്ക് കയറുകയായിരുന്നു. സമീപത്തുളളവരും ഗണേഷ് കുമാറും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വീട് മാത്രമല്ല, ഒരു വീട്ടിൽ വേണ്ട അത്യാവശ്യ സാധനങ്ങളെല്ലാം ഒരുക്കി വയ്ക്കുകയും ചെയ്തു.
വീട് എന്നത് അർജുൻ്റെയും അമ്മയുടെയും സ്വപ്നം മാത്രമായിരുന്നു.എന്നാൽ ഇന്നിതാ ആ സ്വപ്നം സാക്ഷാത്കരിച്ചതിൻ്റെ അത്ഭുതത്തിലാണ് അമ്മയും മകനും. അർജുനെ ചേർത്ത് പിടിച്ച് അർജുൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഈ വീടിൻ്റെ നിർമ്മാണത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഗണേഷ് കുമാർ പോയത്.