ക്രിക്കറ്റ് ലോകത്തെ തന്നെ ചൂടേറിയ ചർച്ചകളിലൊന്നാണ് സഞ്ജു സാംസൺ ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ സെഞ്ച്വറി. രാജ്യാന്തര ക്രിക്കറ്റിൽ നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജു രാജ്യത്തിനായി ശതകം നേടുന്നത്. സഞ്ജുവിന്റെ വലിയ ആരാധകരിൽ പ്രധാനിയാണ് കമന്റേറ്ററായ ഹർഷ ഭോഗ്ലെ. ഇന്നലെ സഞ്ജു സെഞ്ച്വറി നേടിയതിന് പിന്നാലെ ഹർഷ നടത്തിയ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഇന്നലെ മൂന്നാം നമ്പറിലായിരുന്നു സഞ്ജു ഇറങ്ങിയത്. നേരത്തെ മിഡിൽ ഓർഡറിലും ഫിനിഷിംഗ് റോളിലുമൊക്കെ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ മൂന്നാം നമ്പറിലെ പ്രകടനത്തോടെ തന്റെ സ്ഥാനം ഏതെന്ന് സഞ്ജു അടയാളപ്പെടുത്തിയെന്ന് ഹർഷ വ്യക്തമാക്കുന്നു.
അതേസമയം വിരാട് കോഹ്ലി ടീമിലുള്ളപ്പോൾ മൂന്നാം നമ്പറിനെ കുറിച്ച് മറ്റാർക്കും ചിന്തിക്കാനാകില്ലെന്നും ഹർഷ കൂട്ടിച്ചേർത്തു. 114 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 108 റൺസാണ് സഞ്ജു ഇന്നലെ നേടിയത്. സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ 78 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയും സ്വന്തമാക്കി. 2015ൽ ടി20യിൽ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും 2021ലാണ് സഞ്ജു ഏകദിന ടീമിലെത്തുന്നത്. 14 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഈ മലയാളി താരം നേടിയിട്ടുണ്ട്.