ഹമാസുമായുള്ള താത്കാലിക വെടിനിർത്തലിന് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം. കരാർ പ്രകാരം നാല് ദിവസത്തേക്കാണ് വെടിനിർത്തൽ. ഈ സമയത്തിനുള്ളിൽ 50 ബന്ദികളെ വിട്ടുകിട്ടുമെന്ന് ഇസ്രായേൽ അറിയിച്ചു. പിന്നീട് വരുന്ന ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും അധികം വെടിനിർത്തലുണ്ടാകും
കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക. മുഴുവൻ ബന്ദികളെയും തിരിച്ചെത്തിക്കാനും ഹമാസിനെ പൂർണമായി ഇല്ലാതാക്കാനും ഇസ്രായേലിന് തുടർ ഭീഷണി ഇല്ലെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും ഇസ്രായേലിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം തങ്ങൾ വിട്ടയക്കുന്ന 50 തടവുകാർക്ക് പകരമായി 150 പലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുമെന്ന് ഹമാസും അറിയിച്ചു. കരാർ പ്രകാരം മാനുഷിക സഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തിക്കും. വെടിനിർത്തലുള്ളപ്പോൾ ഗാസയിലുള്ള ഒരാളെയും ഇസ്രായേൽ ആക്രമിക്കില്ല. വെടിനിർത്തൽ സമയത്ത് തെക്കൻ ഗാസയിൽ ഗതാഗതം നിർത്തിവെക്കും. വടക്കൻ ഗാസയിൽ രാവിലെ പത്ത് മുതൽ നാല് വരെ ആറ് മണിക്കൂർ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും ഹമാസ് അറിയിച്ചു.