അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു സാക്ഷിയാവാൻ ഒരുങ്ങുകയാണ് രാജ്യം. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ അയോധ്യയിലേക്ക് എത്തിയിരിക്കുകയാണ്.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, രജനികാന്ത്, ധനുഷ്, അനുപം ഖേർ, വിവേക് ഒബ്‌റോയ്, ആലിയ ഭട്ട്, കത്രീന കൈഫ്, രൺബീർ കപൂർ, വിക്കി കൗശൽ, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്റോഫ്, ആയുഷ്മാൻ ഖുറാന എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള നിരവധി അഭിനേതാക്കൾ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞാണ് താരങ്ങൾ ചടങ്ങിനെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന പ്രാൺ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ വിനോദ വ്യവസായ രംഗത്തു നിന്നുൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
രാജ്യത്തിനും ഇന്ത്യക്കാർക്കും അനുഭവിക്കാൻ കഴിയുന്ന “ഏറ്റവും വലിയ സാംസ്കാരിക നിമിഷങ്ങളിൽ ഒന്നിലേക്ക്” ക്ഷണിക്കപ്പെട്ടത് അഭിമാനകരമായി കരുതുന്നു എന്നാണ് ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിലെത്തിയ നടി ഷെഫാലി ഷാ പറഞ്ഞത്. “ഇത് വളരെ വലിയ കാര്യമാണ്, ഒരു ഇന്ത്യക്കാരനായതിൽ എനിക്ക് അഭിമാനം തോന്നുന്നു. നമ്മുടെ നാട്ടിലെ സംസ്കാരം വളരെ സമ്പന്നമാണ്. എന്നാൽ നമുക്ക് അതിനെക്കുറിച്ച് അറിയില്ല, ”അവർ കൂട്ടിച്ചേർത്തു.
ശങ്കർ മഹാദേവനും ചടങ്ങിൽ പങ്കെടുക്കാൻ അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, അനുഷ്‌ക ശർമ്മ, ക്രിക്കറ്റർ വിരാട് കൊഹ്ലി, ടൈഗർ ഷ്റോഫ്, ജാക്കി ഷ്റോഫ്, ഹരിഹരൻ, രൺദീപ് ഹൂഡ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്.